This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രിസ്തുവിന്റെ ആറാം തിരുമുറിവ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്രിസ്തുവിന്റെ ആറാം തിരുമുറിവ്

ഇന്ത്യയില്‍ നിരോധിക്കപ്പെട്ട ഒരു മലയാളനാടകം. മലയാളം തിയെറ്റര്‍ ആക്ടിവിസ്റ്റായിരുന്ന പി.എം. ആന്റണി കസന്‍ദ്സക്കിസിന്റെ ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം എന്ന കൃതിയെ ആധാരമാക്കി രചനയും സംവിധാനവും നിര്‍വഹിച്ച നാടകമാണ് ക്രിസ്തുവിന്റെ ആറാം തിരുമുറിവ്. സൂര്യകാന്തി തിയേറ്റഴ്സിന്റെ ബാനറില്‍ 1986-ല്‍ അവതരിപ്പിക്കപ്പെട്ട ഈ നാടകം ക്രൈസ്തവ സഭകളുടെ ശക്തമായ പ്രതിഷേധത്തിനു കാരണമാവുകയം ഡെമോക്രാറ്റിക് പെര്‍ഫോമന്‍സ് ആക്ട് പ്രകാരം സര്‍ക്കാര്‍ നാടകം നിരോധിക്കുകയും ചെയ്തു. 1986-ല്‍ ആലപ്പുഴയിലെ ഏതാനും അരങ്ങുകള്‍ക്കുശേഷം തൃശ്ശൂര്‍ നഗരത്തില്‍ അവതരിപ്പിക്കാനിരിക്കെയാണ് ക്രൈസ്തവസഭകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. നാടകത്തില്‍ യേശുക്രിസ്തു മഗ്ദലന മറിയത്തെ പ്രേമിച്ചിരുന്നതായുള്ള വ്യാഖ്യാനം സഭാവിശ്വാസത്തിന് എതിരാണെന്നു പറഞ്ഞായിരുന്നു പ്രതിഷേധം. നാടകം നിരോധിക്കണമെന്നാവശ്യപ്പെട്ട് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് കുണ്ടുകുളത്തിന്റെ നേതൃത്വത്തില്‍ തൃശ്ശൂര്‍ നഗരത്തില്‍ പ്രതിഷേധറാലിയും നടത്തുകയുണ്ടായി.

ക്രൈസ്തവര്‍ ക്രിസ്തുവിന്റെ ശരീരത്തില്‍ അഞ്ചു തിരുമുറിവുകള്‍ ഉണ്ടെന്നു വിശ്വസിക്കുന്നു. എന്നാല്‍ നാടകത്തില്‍ ക്രിസ്തുവിന്റെ ഹൃദയത്തിലും ഒരു മുറിവ് സംഭവിച്ചെന്നും അങ്ങനെ ആറ് മുറിവുകള്‍ ക്രിസ്തുവിന്റെ ശരീരത്തിലുണ്ടെന്നും ഉള്ള നാടകത്തിലെ വ്യഖ്യാനമാണ് വിവാദത്തിന് കാരണമായത്.

വിമോചന സമരത്തിനുശേഷം സഭ കേരളത്തിന്റെ സാമൂഹത്തിനു മുന്നില്‍ ഏറ്റവും ശക്തമായ ഇടപ്പെട്ട സന്ദര്‍ഭം കൂടിയായിരുന്നു ഇത്. കോടതി ആദ്യം നാടകത്തിനനുകൂലമായ വിധിയാണ് പുറപ്പെടുവിച്ചത്. മൂന്നിടത്ത് നാടകം കളിക്കാന്‍ അനുമതി കിട്ടി. ആലപ്പുഴയില്‍ സുഗതന്‍ സ്മാരക ഹാളിലും, വലപ്പാട്ടും, തൃശ്ശൂരിലും നാടകം കളിക്കാനായി, പക്ഷെ സഭയും വിശ്വാസികളും ഇവിടങ്ങളില്‍ പ്രതിഷേധവും പ്രകടനവും സംഘടിപ്പിച്ചു. ക്രമസമാധാനം തകരുമെന്നു പറഞ്ഞ് നാടകം കളിക്കുന്ന ജില്ലയിലെ കളക്ടര്‍മാര്‍ നാടകത്തിന് നിരോധനം ഏര്‍പ്പെടുത്തി. ഇതേതുടര്‍ന്ന് ആലപ്പുഴയൊഴിച്ച് കേരളം മുഴുക്കെ നാടകം നിരോധിക്കപ്പെട്ടു. മഹാരാഷ്ട്രയിലെ മലയാളികള്‍ അവിടെ നാടകം അവതരിപ്പിക്കാന്‍ സൂര്യകാന്തി തിയേറ്റഴ്സിനെ ക്ഷണിച്ചെങ്കിലും കന്യസ്ത്രീകളും അച്ചന്‍മാരും നാടകത്തിനെതിരെ രംഗത്തെത്തിയതിനെ തുടര്‍ന്ന് അവിടെയും നിരോധിക്കപ്പെട്ടു. സംഘാടകര്‍ ബോംബെ ഹൈക്കോടതിയെയും പിന്നീട് സുപ്രീം കോടതിയെയും സമീപിച്ചു. എന്നാല്‍ ഇന്ത്യ മുഴുവന്‍ നിരോധനമായിരുന്നു സുപ്രീംകോടതി വിധി. ആവിഷ്കാര സ്വാതന്ത്യ്രത്തെക്കുറിച്ചുള്ള ഏറ്റവും ഗൌരവതരമായ ചര്‍ച്ചകള്‍ കേരളത്തില്‍ ഉയര്‍ന്നുവരാന്‍ ഇടയാക്കിയതും ആറാം തിരുമുറിവിന്റെ നിരോധനമായിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍